മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ. നടനും സംവിധായകനുമായ നാദിർഷാ നയിക്കുന്ന ‘നാദിർ ഷോ’ എന്ന യൂട്യൂബ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവേയാണ് അദ്ദേഹം മനസ് തുറന്നത്.
സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ചാണ്ടി ഉമ്മൻ. തനിക്ക് അഭിനയത്തോടല്ല, മറിച്ച് ഒരു സിനിമ നിർമിക്കാനാണ് കൂടുതൽ താൽപര്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
"അച്ഛന്റെ പേരിലുള്ള ഒരു സിനിമ ചെയ്യണമെന്നത് എന്റെ വലിയൊരു സ്വപ്നമാണ്. ഉമ്മൻ ചാണ്ടിയുടെ ജീവിതം പറയുന്ന ഒരു ബയോപിക് ഒരുക്കണം. 'ഉമ്മൻ ചാണ്ടി' എന്ന പേരിൽ തന്നെയായിരിക്കണം ആ സിനിമ പുറത്തിറങ്ങേണ്ടത്.
അച്ഛന്റെ ആ ജനകീയ കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യൻ മമ്മൂട്ടിയാണെന്നാണ് എന്റെ വിശ്വാസം. ആ സിനിമ യാഥാർഥ്യമാക്കണമെന്നാണ് ആഗ്രഹം," ചാണ്ടി ഉമ്മൻ പറഞ്ഞു.
ചാണ്ടി ഉമ്മന്റെ ഈ പ്രതികരണം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ-സിനിമാ വൃത്തങ്ങളിലും വലിയ ചർച്ചയായി മാറിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തിൽ ജനങ്ങളോട് ഇത്രയധികം ചേർന്നുനിന്ന ഒരു നേതാവിന്റെ ജീവിതം സിനിമയാകുമ്പോൾ അതിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് വിലയിരുത്തലുകൾ. മുൻപ് ബി. ഉണ്ണികൃഷ്ണൻ-നിവിൻ പോളി കൂട്ടുകെട്ടിലിറങ്ങിയ ഒരു ചിത്രത്തിലെ ചില രംഗങ്ങൾക്ക് ഉമ്മൻ ചാണ്ടിയുടെ ജീവിതവുമായി സാമ്യമുണ്ടെന്ന തരത്തിൽ ചർച്ചകൾ വന്നിരുന്നു.
എന്നാൽ ഔദ്യോഗികമായ ഒരു ബയോപിക് എന്ന ചാണ്ടി ഉമ്മന്റെ പ്രഖ്യാപനം സിനിമാ പ്രേമികളെയും കോൺഗ്രസ് പ്രവർത്തകരെയും ഒരേപോലെ ആവേശത്തിലാക്കിയിരിക്കുകയാണ്.